Thursday, May 9, 2013

എസ്എസ്എല്‍സി ബുക്കിലെ ഒപ്പ്



"പത്താം ക്ലാസ് ആണ് ജീവിതത്തിലെ വഴി തിരിവ്, ഇവിടെ നിങ്ങള്ക്ക് പിഴച്ചാല്‍ എല്ലാം പോയി അത് കൊണ്ട് നന്നായി പഠിച്ചു പരീക്ഷക്ക്‌ വരിക". . . . 
കീര്‍ത്തി മിസ്സ്‌ ഇത് പറയുന്ന സമയത്ത് ഞാന്‍ പരീക്ഷയെ കുറിച്ച് ടെന്‍ഷന്‍ അടിച്ചില്ല. എസ്.എസ്.എല്‍ .സി ബുക്കില്‍ ഒരു ഒപ്പിടെണ്ടി വരും, അതായിരിക്കും ജീവിത കാലത്തേക്ക് നിന്‍റെ ഒപ്പ് എന്ന് ജിതിന്‍ പറഞ്ഞിട്ടുണ്ട്, അവന്‍ വിവരം ഉള്ളവന്‍ ആണ് അവന്‍ പറഞ്ഞാല്‍ അത് ശരിയായിരിക്കും. . .പന്ത്രണ്ടു നോട്ട്ബുക് ഉള്ളതില്‍ എല്ലാത്തിന്റെം അവസാനത്തെ നാലഞ്ചു പേജുകള്‍ ഒരിഞ്ചു സ്ഥലം ബാക്കി ഇല്ലാതെ എന്റെ വിവിധ തര൦ ഒപ്പുകള്‍ കൊണ്ട് നിറഞ്ഞു കിടക്കുക ആണ്. പക്ഷെ ഒരു തവണ പോലും അടുപ്പിച്ചു ഒരേ പോലെ ഉള്ള ഒപ്പിടാന്‍ പറ്റിയില്ല ഇത് വരെ എന്നതാണ് എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നത്.

കണക്കു എഴുതി പഠിക്കാന്‍ വാങ്ങി തന്ന ന്യൂസ്‌ പ്രിന്റ്‌ പേപ്പറുകളും എന്റെ ഒപ്പിടല്‍ മഹാമഹത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പങ്കെടുക്കാന്‍ തുടങ്ങിയെങ്കിലും ഒരു വിജയം കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. ബയോളജി പരീക്ഷയുടെ തലേ ദിവസം ഉണ്ടായിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം സ്കോര്‍ ഇടയ്ക്കിടെ മാത്രം നോക്കുന്നതില്‍ എനിക്ക് മന:സ്താപം ഉണ്ടായിരുന്നെങ്കിലും ഒപ്പിടാന്‍ പഠിക്കുന്നതിന്‍റെ ആവേശത്തില്‍ അത് ഞാന്‍ മറന്നു.
ഒടുവില്‍ പരീക്ഷ കഴിയുകയും ഞാനും ന്യൂസ്‌ പ്രിന്റ്‌ പേപ്പറും മാത്രം ആയി മാറുകയും ചെയ്തു. രാപ്പകല്‍ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഞാന്‍ ആ ലക്‌ഷ്യം കൈ വരിക്കുക തന്നെ ചെയ്തു. എന്റെ ഒപ്പ് ഞാന്‍ കണ്ടെത്തി. ഒരേ പോലെയുള്ള രണ്ടു ഒപ്പുകള്‍ എന്‍റെ കയ്യില്‍ നിന്ന് ജനിക്കുക തന്നെ ചെയ്തു. അത് നോക്കി സന്തോഷിച്ചു കൊണ്ട് ഒരു റോള്‍ പേപ്പര്‍ കൂടി ഞാന്‍ ഒപ്പിട്ടു തീര്‍ത്തു. ഒടുവില്‍ ആ ദിനം വന്നെത്തി എസ്.എസ്.എല്‍ .സി ബുക്ക്‌ കിട്ടുന്ന ദിനം.

വലിയൊരു ക്യൂയില്‍ അക്ഷരമാലാ ക്രമത്തില്‍ എസ്സില്‍ തുടങ്ങുന്ന എന്റെ പേര് വിളിക്കുന്നത്‌ കാത്തു ഞാന്‍ നിന്നു. കീര്‍ത്തി മിസ്സ്‌ എന്നെ കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു

"മിടുക്കന്‍ നല്ല മാര്‍ക്ക് ഉണ്ടല്ലോ, പ്ലസ്ടുവിനു സയന്‍സ് തന്നെ കിട്ടും, ഇവിടെ നിന്‍റെ പെരെഴുതൂ. "

ഞാന്‍ ചിരിച്ചു കൊണ്ട് നന്ദി പുരസരം എന്റെ പേരെഴുതി.

"ആഹ്, ഇനി അതിന്റെ അടിയില്‍ ഒരു വര വരചോളൂ,",

അത് ചെയ്തു കഴിഞ്ഞു ഒപ്പിടാനുള്ള സ്ഥലം കാണിച്ചു തരുന്നതും കാത്തു നില്‍ക്കുമ്പോള്‍ കീര്‍ത്തി മിസ്സ്‌ എന്റെ കയ്യിലേക്ക് ആ പേപ്പര്‍ തന്നിട്ട് അടുത്ത ആളുടെ എടുത്തു കൊടുക്കാന്‍ ആയി തുടങ്ങി.

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ഉള്ളില്‍ ഞാന്‍ ആ സത്യം മനസിലാക്കി പേരെഴുതുകയും ഒരു വര വരക്കുകയും ചെയ്യാന്‍ പറഞ്ഞ ആ സംഭവം ആണ് ഒപ്പിടല്‍ എന്നത്.

വില കുറഞ്ഞ ന്യൂസ്‌ പ്രിന്റ്‌ പേപ്പറും ലെക്സി പേനകളും എന്നെ നോക്കി ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ ജിതിനെ അന്വേഷിച്ചു സ്കൂള്‍ മുഴവന്‍ നടന്നു. ജെയില്‍ തുടങ്ങുന്ന പേരുള്ള അവന്‍ നേരത്തെ വാങ്ങി പോയി കഴിഞ്ഞിരുന്നു. പിന്നീട് അവന്‍ ഡോക്റ്റര്‍ ആയി എന്ന് ആരോ പറഞ്ഞു കേട്ടു 

2 comments:

  1. ആ ഒപ്പുതന്നെയാണോ ഇപ്പോഴും......
    എസ്.എസ്.എല്‍സസി ബുക്കിലെ ഒപ്പിന് വലിയ കാര്യമൊന്നുമില്ലെന്ന് അനുഭവം കൊണ്ട് അറിയാം.....

    ReplyDelete
    Replies
    1. സര്‍ ഈ സാധനം എങ്ങനെ കണ്ടെത്തി, എഫ്ബി പോസ്റ്റും നല്ല കമന്റും മറ്റും എടുത്തു വയ്ക്കാന്‍ ഒരു സ്ഥലം ആണിത്. . ആര്‍ക്കും കാണിച്ചു കൊടുത്തിട്ടില്ല. . .
      എന്തായാലും നന്ദി കമന്റിനു. . . ഏതാണ്ട് അതെ ഒപ്പ് തന്നെ ആണ് ഇന്നും. .ചെറിയ ചില മാറ്റങ്ങള്‍ . My signature is not that compliated. . simple enough to imitate by everyone

      Delete